Wednesday, December 25, 2013


 ഇസ്‌ലാം 
 (അറബിയിൽ: الإسلام; al-'islām, ഇംഗ്ലീഷിൽ: Islam.)

സർവ ചരാ ചരങ്ങളുടേയും സൃഷ്ട്ടാവായ ദൈവത്തിൽ നിന്ന് മനുഷ്യർക്ക്‌ അവതരിപ്പിച്ചു കിട്ടിയ മതമാണ്‌ ഇസ്‌ലാം. ലോക സൃഷ്ട്ടാവായ, ഏകനായ  ദൈവത്തിനു അറബിയിൽ പറയുന്ന പേരാണ് " അല്ലാഹു".

ഖുർആൻ ആണ് ഇസ്‌ലാമിന്റെ അടിസ്ഥാന ഗ്രന്ഥം. എഴാം ശതകത്തിൽ ജീവിച്ചിരുന്ന മുഹമ്മദ്‌ മുസ്തഫാ ( അദ്ദേഹത്തിന്റെ മേൽ ദൈവത്തിന്റെ കാരുണ്യ കടാക്ഷങ്ങൾ ഉണ്ടാകട്ടെ ) അവസാനത്തെ ദൈവ ദൂതനായിരുന്നു വെന്നും; അദ്ദേഹം വഴി ലഭിച്ച ഖുർആൻ ദൈവിക സന്ദേശമാണ് എന്നും മുസ‌്ലിംകൾ വിശ്വസിക്കുന്നു.

ഇസ്‌ലാം എന്നാൽ അറബി ഭാഷയിൽ (اسلام) സമാധാനം എന്നും സമർപ്പണം എന്നുമാണർത്ഥം. ദൈവത്തിനായി (അറബിയിൽ: ﷲ; മലയാളം: അല്ലാഹ്), ദൈവത്തിനു മാത്രമായി, സ്വയം സമർപ്പിച്ചുകൊണ്ടു ജീവിക്കുക എന്നതാണ് ഇസ്‌ലാമിന്റെ സാങ്കേതികാർത്ഥം. ഇസ്‌ലാം മതവിശ്വാസികൾ മുസ്‌ലിംകൾ എന്ന പേരിൽ അറിയപ്പെടുന്നു.

ഇസ്‌ലാം ഒരു ലോക മതമാണ്. അതായത് ലോകത്തെ എല്ലാ രാജ്യങ്ങളിലും എല്ലാ പ്രദേശങ്ങളിലും, എല്ലാ മനുഷ്യ വംശങ്ങളിലും മുസ‌്ലിംകൾ ഉണ്ട് . ഇസ്‌ലാമിന്‌ ലോകത്താകെ 140 കോടി അനുയായികൾ ഉണ്ട് എന്നു കണക്കാക്കപ്പെടുന്നു. കൂടാതെ ലോകത്ത് ഏറ്റവും വേഗതയിൽ വളർന്നുകൊണ്ടിരിക്കുന്ന മതം ഇസ്‌ലാം ആണ്. ഏഷ്യയിലും ഉത്തര പശ്ചിമ പൂർവ്വ ആഫ്രിക്കൻ രാജ്യങ്ങളിലുമാണു മുസ‌്ലിംകൾ കൂടുതൽ ഉള്ളത്. ഇന്തോനേഷ്യ, ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവയാണു എറ്റവും കൂടുതൽ മുസ‌്ലിംകൾ ഉള്ള രാജ്യങ്ങൾ.


ഖുർആൻ എന്ന വിശുദ്ധ ഗ്രന്ഥം മുഹമ്മദ് നബിക്ക് ദൈവത്തിൽ നിന്നും ലഭിച്ച വേദഗ്രന്ഥമാണെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു. ദാവൂദ് നബി (ദാവീദ്), മൂസ നബി (മോശെ), ഈസ നബി (യേശു ക്രിസ്തു) എന്നിവർ ദൈവത്തിൽ നിന്നുള്ള പ്രവാചകരാണെന്നും അവരുടെ വേദഗ്രന്ഥങ്ങളായ സബൂർ , തൌറാത്ത്, ഇഞ്ചീൽ എന്നിവ ദൈവികഗ്രന്ഥങ്ങളായിരുന്നുവെന്നും, മുൻ പ്രവാചകന്മാരുടെ തുടർച്ചയായാണ് അന്ത്യപ്രവാചകൻ മുഹമ്മദിന്റെ പ്രവാചകത്വം എന്നും ഇസ്‌ലാം ഉണർത്തുന്നു.

ഇസ്‌ലാം അതിന്റെ അടിസ്ഥാന പ്രമാണങ്ങളായി ഖുർ‌ആനും പ്രവാചകചര്യയും(سنة) കണക്കാക്കുന്നു. പ്രവാചകനായ മുഹമ്മദ് നബിക്ക് പ്രവാചകത്വത്തിന്റെ 23 വർഷക്കാലത്തിനിടക്ക് ദൈവത്തിൽ നിന്ന് അവതീർണ്ണമായതാണ് ഖുർആൻ.

 പ്രസ്തുത ഖുർ‌ആനിന്റെ വെളിച്ചത്തിൽ പ്രവാചകൻ അനുവർത്തിച്ച രീതികൾ, വാക്ക്, പ്രവൃത്തി, അനുവാദം തുടങ്ങിയവ പ്രവാചക ചര്യയായി കണക്കാക്കി ക്രോഡീകരിച്ചിരിക്കുന്ന ഗ്രന്ഥ ശേഖരമാണ് ഹദീഥുകൾ(حديث). പ്രാമാണികമായ നിരവധി ഹദീഥ് ഗ്രന്ഥങ്ങളുണ്ട്. അവയിലൊക്കെയായി പ്രവാചക ചര്യകൾ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

ബുഖാരി, മുസ്ലിം, തിർമിദി, ഇബ്​നു മാജ, അഹ്​മദ്, നസാഇ,അബൂദാവൂദ് എന്നിവരുടെ ഹദീഥ് ഗ്രന്ഥങ്ങൾ കൂടാതെ മുവത്വ, ദാരിമി,  തുടങ്ങി നിരവധി ഹദീഥ് ഗ്രന്ഥങ്ങൾ പ്രമാണങ്ങളായിട്ടുണ്ട്.


ഒരു മുസ്‌ലിമിന്റെ വിശ്വാസം പൂർണ്ണമാകുന്നത് അവൻ ആറു കാര്യങ്ങളിൽ അടിയുറച്ച് വിശ്വസിക്കുമ്പോഴാണ്. അവ ഇപ്രകാര‌മാണ്:
  1. ദൈവം ഏകനാണെന്ന വിശ്വാസം. (തൗഹീദ്)
  2. ദൈവത്തിന്റെ മലക്കുകളിൽ (മാലാഖമാർ) വിശ്വസിക്കുക. (മലക്കുകൾ)
  3. ദൈവത്തിന്റെ സകല ഗ്രന്ഥങ്ങളിലും വിശ്വസിക്കുക. (കിത്താബുകൾ  )
  4. ദൈവം നിയോഗിച്ച സകല പ്രവാചകന്മാരിലുമുള്ള വിശ്വാസം. (റുസ്‌ൽ)
  5. അന്ത്യദിനത്തിലും പരലോകത്തിലും വിശ്വസിക്കുക. (ഖിയാമ)
  6. ദൈവിക വിധിയിലുള്ള വിശ്വാസം അഥവാ നന്മയും തിന്മയും അല്ലാഹുവിന്റെ മുൻ അറിവോട് കൂടിയാണ് എന്ന്‌ വിശ്വസിക്കുക. (ഖദ്‌ർ)
ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങൾ:
  1. വിശ്വാസം പ്രഖ്യാപിക്കുക (അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്നും മുഹമ്മദ്‌ അവന്റെ പ്രവാചകനാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. )
  2. പ്രാർഥന (കൃത്യ നിഷ്ടയോടെയുള്ള നിസ്കാരം)
  3. സകാത്ത് നൽകുക
  4. വ്രതം (റമദാൻ മാസത്തിൽ വ്രതം അനുഷ്ഠിക്കുക)
  5. തീർഥാടനം (പ്രാപ്തിയുള്ളവർ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഹജ്ജ്‌ നിർവഹിക്കുക)

ഇസ്‌ലാം സ്വീകരിക്കൽ
'അല്ലാഹു അല്ലാതെ ആരാധ്യനില്ല എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു' ; 'മുഹമ്മദ്‌ അല്ലാഹുവിന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു'

 ( ലാ ഇലാഹ ഇല്ല- ല്ലാഹ് , മുഹമ്മദു റസൂലുല്ലാഹ്  - لا اله الا الله محمد رسول الله) എന്നീ രണ്ടു സാക്ഷ്യ വചനങ്ങൾ ചൊല്ലി അവയനുസരിച്ചു ജീവിതം ക്രമീകരിക്കാമെന്നു പ്രതിജ്ഞ എടുത്താൽ ഒരാൾ മുസ്‌ലിം ആയിത്തീരുന്നു.

ഒരു  ഹദീസ് :-

ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) അരുളി:
"ഇസ്ലാം (ആകുന്ന സൌധം) അഞ്ച് തൂണുകളിന്മേല്‍ നിര്‍മ്മിതമാണ്. (അവ) അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും നിശ്ചയം മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്കാരം ക്രമപ്രകാരം അനുഷ്ഠിക്കുക, സകാത്ത് കൊടുക്കുക, ഹജ്ജ് ചെയ്യുക, റമദാന്‍ മാസത്തില്‍ വ്രതമനുഷ്ഠിക്കുക എന്നിവയാണ് അവ."         
(ബുഖാരി. 1. 2. 7)


ഒരു  ഹദീസ് :-

അബൂഹുറൈറ(റ) നിവേദനം:തിരുമേനി(സ) ഇപ്രകാരം പറയുന്നതായി അദ്ദേഹം കേട്ടിട്ടുണ്ട്.:
 "ഒരാള്‍ ഇസ് ലാം മതം സ്വീകരിക്കുകയും നല്ല നിലക്ക് ഇസ് ലാമിക നടപടികളെല്ലാം പാലിച്ചു പോരുകയും ചെയ്താല്‍ അയാല്‍ മുമ്പ് ചെയ്ത എല്ലാ കുറ്റങ്ങളും അല്ലാഹു മായ്ച്ചുകളയുന്നതാണ്. അതിന് ശേഷം (ചെയ്യുന്ന തെറ്റുകള്‍ക്ക്) ആണ് ശിക്ഷാനടപടി. 
നന്മക്കുള്ള പ്രതിഫലം 10 ഇരട്ടി മുതല്‍ 700 ഇരട്ടി വരെയാണ്. തെറ്റുകള്‍ക്ക് തത്തുല്യമായ ശിക്ഷ മാത്രമെ നല്‍കുകയുള്ളു (ഇരട്ടിപ്പിക്കല്‍ ഇല്ല) അതു തന്നെ അല്ലാഹു അവന് പൊറുത്തു കൊടുക്കുന്നില്ലെങ്കില്‍ മാത്രം."     
(ബുഖാരി. 1. 2. 40)